ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; ഒറീസയിൽ നിന്ന് രാത്രിയിലുള്ള ട്രെയിനുകളിൽ കയറുകയും മറ്റുള്ളവർ ഉറങ്ങുന്ന സമയത്ത് ടോയ്ലറ്റിന്റെ മുകൾ ഭാഗത്തെ പ്ലൈവുഡ് ന്റെ സ്ക്രൂ അഴിച്ച് മാറ്റി കഞ്ചാവ് പൊതി ഒളിപ്പിക്കുകയാണ് ഇവരുടെ രീതി. ഇറങ്ങാൻ സമയമാകുമ്പോൾ പ്ലാറ്റ്ഫോമിൽ പരിശോധനകൾ ഇല്ലന്ന് ഉറപ്പാക്കിയ ശേഷമാണ് കഞ്ചാവ് പുറത്തെടുക്കുന്നത്.train lahari Crime News
ആലപ്പുഴ : ആലപ്പുഴയിൽ 3.55 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. അടൂർ പയ്യനല്ലൂർ സ്വദേശി സുമേഷ് (26), കൊല്ലം ആനയടി സ്വദേശി വിഷ്ണു (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐ മഹേഷും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ ഒറീസയിൽ പോയി കഞ്ചാവ് വലിയ അളവിൽ വാങ്ങി ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളായ കായംകുളം, താമരക്കുളം നുറനാട് ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നു. ട്രെയിനിൽ ചേർത്തലയിലോ ആലപ്പുഴയിലോ ഇറങ്ങി പിന്നീട് ബസ് മാർഗ്ഗമാണ് ഇവർ കഞ്ചാവ് കടത്തുന്നത്. ഒറീസയിൽ നിന്ന് രാത്രിയിലുള്ള ട്രെയിനുകളിൽ കയറുകയും മറ്റുള്ളവർ ഉറങ്ങുന്ന സമയത്ത് ടോയ്ലറ്റിന്റെ മുകൾ ഭാഗത്തെ പ്ലൈവുഡ് ന്റെ സ്ക്രൂ അഴിച്ച് മാറ്റി കഞ്ചാവ് പൊതി ഒളിപ്പിക്കുകയാണ് ഇവരുടെ രീതി. ഇറങ്ങാൻ സമയമാകുമ്പോൾ പ്ലാറ്റ്ഫോമിൽ പരിശോധനകൾ ഇല്ലന്ന് ഉറപ്പാക്കിയ ശേഷമാണ് കഞ്ചാവ് പുറത്തെടുക്കുന്നത്.
സുമേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നിട്ടുള്ളയാളുമാണ്. എക്സൈസ് സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ ജി. ഗോപകുമാർ , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സജിമോൻ കെ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് എസ്, റഹീം എസ് ആർ, അരുൺ എസ്, കെ.ടി കലേഷ്, ദിലീഷ് എസ്, സന്തോഷ്, ഡ്രൈവർ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.
Comments