ലഹരിയോട് 'നോ' പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണം: എക്‌സൈസ് മന്ത്രി എം.ബി രാജേഷ്; വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദ്യമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി. Newsofkeralam



•  അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിന ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം.




എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാന്‍ കുട്ടികള്‍ പഠിക്കണമെന്നും രക്ഷകര്‍ത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിമുക്തി മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഒരു മാരകവിപത്തായി നമുക്ക് ചുറ്റുമുണ്ടെന്നും അത് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെയാണെന്നും മന്ത്രി പറഞ്ഞു. പ്രലോഭനങ്ങളിലൂടെ കുട്ടികളെ ലഹരിക്കടിമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍തന്നെ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണത്വം രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രദ്ധിക്കണം. ലഹരി ഉപയോഗത്തിലെ ചതിക്കുഴികള്‍ കുട്ടികള്‍ തിരിച്ചറിയണമെന്നും സഹപാഠികളാരെങ്കിലും ലഹരി ഉപയോഗിക്കുന്നതായോ, അപരിചിതരുമായി ഇടപഴകുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധ്യാപകരെ അറിയിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായ ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധ്യാപകരും ജനപ്രതിനിധികളും ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പോലീസും എക്‌സൈസും ബോധവത്കരണത്തിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി വില്‍ക്കുന്നവരുടെയും സംശയകരമായ സാഹചര്യത്തിലുള്ളവരുടെയും ഡാറ്റാ ബേസ് തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദ്യമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്ന് വിരുദ്ധദിനത്തിന്റെ ഭാഗമായി ജൂലായ് ഒന്നുവരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ-ബോധവത്കരണ പരിപാടികളാണ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നടക്കുന്നത്. 'ആളുകള്‍ ആദ്യം, അപമാനവും വിവേചനവും നിറുത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. കുട്ടികള്‍ മയക്കുമരുന്നിന്റെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കുന്നതിനായി രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കും. വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് സംവാദ മത്സരവും നടത്തുന്നുണ്ട്. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, ജോയന്റ് എക്‌സൈസ് കമ്മിഷണര്‍ ഗോപകുമാര്‍.ആര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023