ചേർത്തലയിലും മലപ്പുറത്തും മേജർ അളവിൽ മയക്കുമരുന്നുകൾ പിടികൂടി; നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. News
ആലപ്പുഴ ചേർത്തലയിലും മലപ്പുറത്തും മേജർ അളവിൽ മയക്കുമരുന്നുകൾ പിടികൂടി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേർത്തല നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിതരണത്തിന് കൊണ്ടുവന്ന 6 കിലോഗ്രാം കഞ്ചാവാണ് ചേർത്തല എക്സൈസ് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വച്ച് കോട്ടയം മീനച്ചിൽ സ്വദേശികളായ മിഥുൻ കെ ബാബു (24 ), അമൽ സുരേന്ദ്രൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ വഴി കേരളത്തിൽ എത്തിയശേഷം ബസ് മാർഗം സഞ്ചരിച്ചു ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്. ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം എസ് സുഭാഷ്, കെ വി സുരേഷ്, എം കെ . സജിമോൻ, മായാജി ഡി, സാനു ടി. ആർ സിവിൽ എക്സൈസ് ഓഫീസർ ഹരീഷ്, ഡ്രൈവർ വിനോദ്. കെ വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിനി, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം എടപ്പാളിലെ ലോഡ്ജിൽ നിന്നും യുവാക്കളെ എംഡിഎംഎയുമായി പിടികൂടി. പാലക്കാട് ഐ.ബി ഇൻസ്‌പെക്ടർ നൗഫൽ നൽകിയ വിവരമനുസരിച്ചാണ് മലപ്പുറം ഐ.ബി യും പൊന്നാനി റെയിഞ്ച് പാർട്ടിയും ചേർന്ന് സ്ഥലം റെയിഡ് ചെയ്തത്. പട്ടാമ്പി സ്വദേശി മുഹമ്മദ് ഫായിസ് (27), പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷഫീഖ് (25) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 7.895 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർ ഗണേശൻ, ഐ. ബി പ്രിവന്റീവ് ഓഫീസർ വി. ആർ.രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു, ശരത്ത്, പാലക്കാട് ഐ ബി യിലെ പ്രിവൻറ്റീവ് ഓഫീസർമാരായ ഓസ്റ്റിൻ കെ ജെ, വിശ്വകുമാർ ടി ആർ, പാലക്കാട് സൈബർ സെല്ലിലെ സി.ഇ.ഒ മാരായ വിജീഷ് ടി ആർ, അഷ്‌റഫ് അലി എം എന്നിവർ പങ്കെടുത്തു.
Comments