റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ജല സംഭരണിയിൽ പ്രായമുള്ള സെയിൻ ഷാസ് അപകടത്തിൽ മരിച്ചത് അത്യന്തം ദാരുണമായ സംഭവം : വി. ശിവദാസൻ എംപി; ഒരുതരത്തിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിർമ്മിച്ചിട്ടുള്ള ഇത്തരം നിർമ്മിതികൾ, ഒളിഞ്ഞിരിക്കുന്ന മരണക്കളങ്ങളെന്നും എംപി. News
കണ്ണൂർ : കണ്ണൂർ ഇടചൊവ്വയിൽ റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ജല സംഭരണിയിൽ സെയിൻ ഷാസ് അപകടത്തിൽ മരിച്ചത് അത്യന്തം ദാരുണമായ ഒരു സംഭവമാണെന്ന് വി. ശിവദാസൻ എംപി. കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പാളത്തിനടുത്തായി കൂറ്റൻ മഴവെള്ള സംഭരണി കുഴിയിൽ കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെയാണ് ഉരുവച്ചാൽ സ്വദേശി നബീസാ ബാദിൽ അഷറഫിന്റെ മകൻ സെയിൻ ഷാസ് (14) മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഒരുതരത്തിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിർമ്മിച്ചിട്ടുള്ള ഇത്തരം നിർമ്മിതികൾ, ഒളിഞ്ഞിരിക്കുന്ന മരണക്കളങ്ങളാണ്. അത്യന്തം അപകടകരങ്ങളായ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലായിരിക്കണം ഇത്തരം നിർമ്മാണ പ്രവൃത്തികൾ. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒരു തുടർ കഥയാകുമെന്നതിൽ സംശയമില്ലെന്നും സെയിൻ ഷാസിന്റെ കുടുംബത്തിന് അടിയന്തിരമായി റെയിൽവേ സഹായധനം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments