ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി.




വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്

          ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവിൽ ആയിരത്തോളം രോഗികൾക്കാണ് ഈ സേവനം നൽകി വരുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

          തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നീ ആശുപത്രികൾ മുഖേനയാണ് വീട്ടിൽ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് സേവനം ലഭിക്കുന്നത്.

          സംസ്ഥാനത്ത് 102 ആശുപത്രികളിലും 10 മെഡിക്കൽ കോളേജുകളിലുമുൾപ്പെടെ പ്രതിമാസം അരലക്ഷത്തോളം രോഗികൾക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയുമാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്.

          രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിടുകയും ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുതന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ ഈ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.





ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023