കഴിവുകെട്ട മന്ത്രിമാരുടെ കീഴില്‍ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ ഭരിക്കുന്നു.: മാര്‍ട്ടിന്‍ ജോര്‍ജ്; യുഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തി.
കണ്ണൂർ : കേരളത്തില്‍ ഭരണം നടത്തുന്നത് തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്ത കഴിവുകെട്ട മന്ത്രിമാരാണെന്നും അവര്‍ക്ക് കീഴില്‍ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ ഭരണം നടത്തുകയാണെന്നും കണ്ണൂർ ഡി സി സി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കുന്ന അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നടപടികള്‍ക്കെതിരെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ കണ്ണൂര്‍ കോര്‍പ്പറേഷന് മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍റ ഏകാധിപത്യഭരണമാണ് കേരളത്തില്‍ നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥാസമയം ഫണ്ട് നല്‍കാതെ അവയെ ഞെരുക്കുന്ന സമീപനം സ്വീകരിക്കുകയാണ് സര്‍ക്കാര്‍. മാര്‍ച്ച് മാസങ്ങളിലെ അവസാന ദിവസം ഫണ്ട് അനുവദിക്കുകയും ട്രഷറിയില്‍ ബില്ല് സ്വീകരിക്കാതിരിക്കുകയും ചെലവഴിച്ചിട്ടില്ല എന്ന് പറഞ്ഞ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അടുത്തവര്‍ഷം ഫണ്ട് നിഷേധിക്കുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടിയുള്ള വ്യക്തിഗത നേട്ടത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു. നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാതെ ധൂര്‍ത്തിനും ആര്‍ഭാടത്തിനും വേണ്ടി പണം ചെലവഴിക്കുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ യാത്രക്കായി നാല്‍പതോളം അകമ്പടി വാഹനങ്ങളും 500 ഓളം പോലീസുകാരെയും നിയോഗിച്ച് ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.പി ഇന്ദിര, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, കൂക്കിരി രാജേഷ്, തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് ബാബു എളയാവൂര്‍, പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കല്ലിക്കോടന്‍ രാഗേഷ് തുടങ്ങി കൗണ്‍സിലര്‍മാരും യു.ഡി.എഫ് നേതാക്കളും സമരത്തിന് നേതൃത്വം നല്‍കി.
Comments