ഓപ്പറേഷൻ ഗ്രീൻസ്: കഞ്ചാവ് വില്പനക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനിൽ കൊല്ലത്ത് 7 കിലോഗ്രാം കഞ്ചാവ് പിടികൂടി, രണ്ട് പ്രതികൾ പിടിയിൽ, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് സ്കൂട്ടറുകളും പിടികൂടി.
കൊല്ലം ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ രണ്ട് കേസുകളിലായി ഏഴു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് സ്കൂട്ടറുകളും പിടികൂടി. കൊല്ലം കരിക്കോട് - കുറ്റിച്ചിറയിൽ രണ്ടര കിലോ കഞ്ചാവുമായി സ്കൂട്ടറിൽ കടന്നുകളയാൻ ശ്രമിച്ച ഷിബു എന്നയാളെയും കൊല്ലം ബൈപ്പാസ് - കുരീപ്പുഴയിൽ നാലര കിലോഗ്രാം കഞ്ചാവ് സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന കൊല്ലം തൃക്കടവൂർ സ്വദേശി അനിൽകുമാർ എന്നയാളെയുമാണ് എക്സൈസ് സ്‌ക്വാഡ് പിടികൂടിയത്. ഷിബു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വേനൽക്കാലം ആയതിനാൽ അതിർത്തി ഗ്രാമങ്ങൾ വഴി കഞ്ചാവ് വ്യാപകമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് എക്സൈസ് വകുപ്പ് ജില്ലയിലാകമാനം ഓപ്പറേഷൻ ഗ്രീൻസ് എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതികളെ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ബി വിഷ്ണു, പ്രിവന്റീവ് ഓഫീസർ ആർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്ത്, നിതിൻ, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
Comments