കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവുമായി കാസർകോട് സ്വദേശി പോലീസ് പിടിയിൽ; പിടികൂടിയത് സി എഫ് എൽ ബൾബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വർണ്ണം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണ്ണവുമായി കാസർകോട് സ്വദേശി പോലീസ് പിടിയിൽ. ഞായറാഴ്ച പുലർച്ചെ 3.10ന് അബുദാബിയിൽ നിന്നും വന്ന ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ കാസർകോട് ആലംപാടി ഷെറഫാത്ത് മുഹമ്മദ് ആണ് കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ സമയത്ത് എയർപോർട്ട് പോലീസും , പോലീസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങളും സംശയം തോന്നി പരിശോധിച്ചതിൽ അയാളുടെ ബാഗിൽ സി എഫ് എൽ ബൾബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വർണ്ണം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് 86 ലക്ഷം രൂപ വിലവരും. പിടിച്ചെടുത്ത സ്വർണം പോലീസ് കോടതിയിൽ ഹാജരാക്കും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന്റെ നിർദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, എസ്ഐ സന്തോഷ്, സുധീർ, സാദിഖ്, മുഹമ്മദ് ഷമീർ, ലിജിൻ, റനീഷ് എന്നിവരും എയർപോർട്ടിലെ മറ്റു പോലീസുദ്യോഗസ്ഥരും എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിൽ ആണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോ ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇതിനു മുൻപും എയർപോർട്ട് പോലീസ് കണ്ണൂർ എയർപോർട്ടിൽ വെച്ച് വിദേശത്ത് നിന്നുംകടത്തികൊണ്ട് വന്ന സ്വർണം യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Comments