കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി പിടിയിൽ; വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നൂറ്റിമുപ്പത്താറിൽപരം മോഷണകേസുകളിൽ പ്രതിയായ ഇയാൾ പതിനാലു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
തൃശൂർ : ചാലക്കുടിയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ ഉഷ്ണംമൂലം ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷണം പോകുന്ന സംഭവങ്ങളെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം മോഷ്ടാവിനെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ വീട്ടിൽ പരുന്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ് (56) ആണ് പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നൂറ്റിമുപ്പത്താറിൽപരം മോഷണകേസുകളിൽ പ്രതിയായ ഇയാൾ പതിനാലു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചാലക്കുടി മോസ്കോയിലെ വീട്ടിൽ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാന രീതിയിൽ മോഷണം നടത്തുന്നവരെ കുറിച്ചുമുള്ള അന്വേഷണമാണ് സംശയത്തിന്റെ മുന ഫ്രാൻസിസിലേക്കെത്താൻ കാരണമായത്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് ധാരാളം പണം ധൂർത്തടിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഫ്രാൻസിസിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മോഷണങ്ങൾ നടത്തിയതായും മോഷ്ടിച്ച സ്വര്‍ണം കടയിൽ വില്‍പ്പന നടത്തിയതായും ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, എസ്.ഐ ഷബീബ് റഹ്മാൻ , ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് , സുരേഷ് ബാബു, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ ബിനു, ഷിജോ തോമസ്, ഷാജു കട്ടപ്പുറം എന്നിവരടങ്ങിയ സംഘമാണ് ഫ്രാൻസിസിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Comments