ഫാ.കുര്യാക്കോസ് മുണ്ടപ്ലാക്കൽ സ്മാരക സാമൂഹ്യ സേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരളക്ക്.
അവാർഡ് ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞറളക്കാട്ടിൽ നിന്നും ബ്ലഡ് ഡോണേഴ്സ് കേരള പ്രവർത്തകർ ഏറ്റുവാങ്ങുന്നു |
കണ്ണൂർ : കെ സി വൈ എം തലശ്ശേരി അതിരൂപത മുൻ ഡയറക്ടർ മോൺ കുര്യാക്കോസ് മുണ്ടപ്ലാക്കലിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാമൂഹ്യ സേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക്. തലശ്ശേരി സന്ദേശ് ഭവനിൽ നടന്ന ആദ്യകാല നേതാക്കളുടെ സമ്മേളനത്തിൽ വച്ച് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ്ജ് ഞറളക്കാട്ടിൽ നിന്നും ഏറ്റുവാങ്ങി. 2011 ൽ കോട്ടയം ചങ്ങനാശ്ശേരിയിൽ ബസ് കണ്ടക്ടറായ വിനോദ് ഭാസ്ക്കർ തുടങ്ങിവെച്ച ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് ഇന്ന് കേരളത്തിനകത്തും പുറത്തും കമ്മിറ്റികളുള്ള സംഘടനയായി മാറിയത്. രക്തദാനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകൾ, സന്നദ്ധ രക്തദാന ക്യാമ്പുകൾ എന്നിവ നടത്തി വരുന്നു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിർധനരായ രോഗികൾക്ക്
മരുന്നുകളും മറ്റ് സഹായവും നൽകുന്ന സ്നേഹസ്പർശം, തെരുവിൽ ഒറ്റപ്പെട്ടു പോയവർക്ക് പുതപ്പ് നൽകുന്ന സ്നേഹ പുതപ്പ്, കണ്ണൂർ പോലീസുമായി സഹകരിച്ച് പോലീസ് - ബി ഡി കെ അക്ഷയപാത്രം വഴി എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതി, പാലിയേറ്റ് കെയർ വിംഗ്, കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യ വിഗ്ഗ് നൽകുന്നതിനായുള്ള കേശദാനം സ്നേഹ ദാനം പദ്ധതി, കേശദാന ക്യാമ്പുകൾ എന്നിവ നടത്തി വരുന്നു. വിദ്യാർത്ഥികളിൽ രക്തദാന ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ക്യാമ്പസ് വിംഗ്, വനിതകളിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി എയ്ഞ്ചൽസ് വിംഗ്, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ട്രോമാകെയർ വിംഗ് എന്നിവയും പ്രവർത്തിച്ച് വരുന്നു
Comments