പബ്ലിക് ഹെൽത്ത് സെന്ററിലെ യു.ഡി ക്ലർക്കിനെ വിജിലൻസ് കോടതി ഒരു വർഷം കഠിനതടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
പബ്ലിക് ഹെൽത്ത് സെന്ററിലെ യു.ഡി ക്ലർക്കിനെ വിജിലൻസ് കോടതി ഒരു വർഷം കഠിനതടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2006 ലും, 2008 ലും മലപ്പുറം ജില്ലയിലെ, വെട്ടത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ യു.ഡി ക്ലാർക്ക് ആയിരുന്ന പി.എസ്.ഗിരിവാസൻ ആകെ 1,32,800 രൂപ വെട്ടിപ്പ് നടത്തിയത്തിലേക്ക് മലപ്പുറം വിജിലന്‍സ് യുണിറ്റ് റെജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി കോഴിക്കോട് വിജിലന്‍സ് കോടതി ഒരു വർഷം വീതം കഠിന തടവിനും, 10,000 രൂപ (പതിനായിരം രൂപ) വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പിഴ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധി ന്യായത്തില്‍ പറയുന്നു.
2006 ല്‍ വെട്ടത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ജോലി നോക്കി വരവെ അറ്റകുറ്റ പണികള്‍ക്കായി പഞ്ചായത്ത് അനുവദിച്ച 39,900 രൂപ പെരിന്തല്‍മണ്ണ അര്‍ബന്‍ കോ- ഓപ്പറേറ്റിവ് ബാങ്കിന്‍റെ മേലാറ്റൂര്‍ശാഖയില്‍ ഒടുക്കുന്നതിന് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത് സ്വന്തം ബാങ്ക് അക്കൌണ്ടിലേക്ക് അടച്ച് വെട്ടിപ്പ് നടത്തിയതിലേക്കും, 2008 ല്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്മാര്‍ക്കുള്ള നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍റെ ഫണ്ടില്‍ നിന്നും സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ വെട്ടത്തൂര്‍ ശാഖ മുഖേന 92,900 രൂപ മാറി എടുത്തത്തിലേക്കുമാണ് വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
മലപ്പുറം വിജിലന്‍സ് യുണിറ്റ് മുന്‍ ഡി.വൈ.എസ്.പി ആയിരുന്ന അബ്ദുല്‍ ഹമീദ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കോടതി ഇന്ന് (27.02.2023) ശിക്ഷ വിധിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈലജന്‍ ഹാജരായിരുന്നു.
Comments