കേരളത്തിലെ ഏറ്റവും വലിയ ഹാൻസ് വേട്ട പാലക്കാട്; ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 2.75 കോടി വില വരുന്ന അഞ്ച് ലക്ഷത്തി എഴുപത്തി ആറായിരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു: പിടിയിലായത് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന വലിയ റാക്കറ്റിൻ്റെ കണ്ണികൾ.
പാലക്കാട് : പാലക്കാട് വീണ്ടും വൻ ഹാൻസ് വേട്ട. ലോറിയിൽ കടത്തിയ അഞ്ചേമുക്കാൽ ലക്ഷം ഹാൻസ് പാക്കറ്റുകൾ, കഞ്ചാവ്, മാരകായുധങ്ങൾ എന്നിവ പിടികൂടി .ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചെർപ്പുളശ്ശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ നിരോധിത പുകയില ഉത്പന്നമായ 767 ചാക്കുകളിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തി എഴുപത്തി ആറായിരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. ചില്ലറ വിപണിയിൽ രണ്ടേ മുക്കാൽ കോടിയോളം വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പ്രതികളുടെ കൈവശം നിന്നും 15 ഗ്രാം കഞ്ചാവ് മാരകായുധമായ വടിവാളുകൾ എന്നിവ കണ്ടെടുത്തു.സംസ്ഥാനത്തെ തന്നെ വലിയ ഹാൻസ് വേട്ടയാണിത്. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷന് സമീപം കച്ചേരിക്കുന്നിൽ വെച്ചാണ് ഹാൻസ് ലോറി പിടികൂടിയത്.
ആട്ട, മൈദ ലോഡിനകത്താണ് ഹാൻസ് കടത്തിയത്. ഹാൻസ് കയറ്റിയ ലോറി ഓടിച്ച പാലക്കാട് പാലക്കാട് കാരാ കുറിശ്ശി ഇളമ്പുലാശ്ശേരി ഇടവക്കത്ത് വീട്ടിൽ ഹനീഫ (48), കൂടെ ലോറിയിൽ ഉണ്ടായിരുന്ന മലപ്പുറം കരുവാരക്കുണ്ട് മുഹമ്മദ് ആരിഫ് കിളിക്കോട് (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തേക്ക് സപ്ലൈ ചെയ്യാനാണ് ഹാൻസ് കടത്തിയതെന്ന് പ്രതികൾ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന വലിയ റാക്കറ്റിൻ്റെ കണ്ണികളാണ് പ്രതികൾ. കഴിഞ്ഞ ദിവസവും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊപ്പം പോലീസും ചേർന്ന് 75 ലക്ഷം വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. പുകയില ഉത്പന്നങ്ങളുടെ ഉറവിടത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസ്, മണ്ണാർക്കാട് ഡി.വൈ.എസ്.പി, വി.എ.കൃഷ്ണദാസ്, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ ശശികമാർ.ടി , സബ്ബ് ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരി പോലീസും സബ്ബ് ഇൻസ്പെക്ടർ എസ്. ജലീലിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ഹാൻസും പ്രതികളേയും പിടികൂടിയത്.
Comments