തദ്ദേശ ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെടുപ്പ് നാളെ, വോട്ടെണ്ണൽ മാർച്ച് 1 ന്.
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണൽ മാർച്ച് 1 ന് നടത്തും.
സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
ഇടുക്കി, കാസർഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്.
വോട്ടർപട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടർമാർ. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും 3 ട്രാൻസ്‌ജെൻഡറുകളും. പ്രവാസി വോട്ടർപട്ടികയിൽ 10 പേർ.
വോട്ടെടുപ്പിന് 163 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തിൽ നൂറും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ പതിന്നാലും കൊല്ലം കോർപ്പറേഷനിൽ നാലും മുനിസിപ്പാലിറ്റികളിൽ രണ്ടും ഗ്രാമപഞ്ചായത്തുകളിൽ നാല്പത്തിമൂന്നും ബൂത്തുകളുണ്ടാവും.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. പോളിംഗ് സാധനങ്ങൾ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരായാൽ മതിയാകും.
ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.
വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.
സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഇതിന് അവസരം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:
തിരുവനന്തപുരം - കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 12.നിലയ്ക്കാമുക്ക്.
കൊല്ലം - കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ 03.മീനത്തുചേരി, വിളക്കുടി ഗ്രാമപഞ്ചായത്തിലെ 01.കുന്നിക്കോട് വടക്ക്, ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിലെ 04.തേവർതോട്ടം.
പത്തനംതിട്ട - കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 07.അമ്പാട്ടുഭാഗം.
ആലപ്പുഴ - തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ 06.തണ്ണീർമുക്കം, എടത്വാ ഗ്രാമപഞ്ചായത്തിലെ 15.തായങ്കരി വെസ്റ്റ്.
കോട്ടയം - എരുമേലി ഗ്രാമപഞ്ചായത്തിലെ 05.ഒഴക്കനാട്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ 09.ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 12.വയലാ ടൗൺ, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ 07.പൂവക്കുളം.
എറണാകുളം - പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11.തായ്മറ്റം.
തൃശ്ശൂർ - തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ 04.തളിക്കുളം, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 14.ചിറ്റിലങ്ങാട്.
പാലക്കാട് - പാലക്കാട് ജില്ലാ പഞ്ചായത്തിലെ 19. ആലത്തൂർ, ആനക്കര ഗ്രാമപഞ്ചായത്തിലെ 07.മലമക്കാവ്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ 17.പാട്ടിമല, തൃത്താല ഗ്രാമപഞ്ചായത്തിലെ 04.വരണ്ടു കുറ്റികടവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ 01.കാന്തള്ളൂർ.
മലപ്പുറം - അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്തിലെ 12.ചക്കിട്ടാമല, തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ 11.അഴകത്തുകളം, ഊരകം ഗ്രാമപഞ്ചായത്തിലെ 05.കൊടലിക്കുണ്ട്.
കോഴിക്കോട് - ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15.കക്കറമുക്ക്.
വയനാട് - സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലെ 17.പാളാക്കര.
കണ്ണൂർ - ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലിലെ 23.കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്തിലെ 01.മേൽമുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്തിലെ 08.വള്ളിയോട്ട്.
Comments