സ്വതന്ത്ര പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ല, എല്ലാ പരിരക്ഷയും നൽകും: മുഖ്യമന്ത്രി; എത്ര കടുത്ത അസത്യം വിളിച്ചുപറഞ്ഞാലാണു കൂടുതൽ ആളുകളിലേക്ക് എത്തുകയെന്നതു മാത്രമായി മാധ്യമങ്ങളുടെ പരിഗണന മാറുന്നു.





തിരുവനന്തപുരം :   സ്വതന്ത്രവും നീതിപൂർവകവും ജനാധിപത്യപരവുമായ പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സർവകലാശാല സെനറ്റ് ഹാളിൽ 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളും സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമ പ്രവർത്തനത്തിനു ദേശീയതലത്തിൽ വലിയ ഭീഷണിയുണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിഷ്പക്ഷവും നീതിപൂർവകവുമായി മാധ്യമപ്രവർത്തനം നടത്തുന്നവർ തടങ്കലിലാകുന്നു. പൗരന്മാരുടെ അവകാശങ്ങൾ പോലും ധ്വംസിക്കപ്പെടുന്നു. ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ടയാണിത്. പലയിടത്തും ജനാധിപത്യപരമായ പത്രപ്രവർത്തനത്തിനെതിരേ വിലക്കുകളും കടന്നാക്രമണങ്ങളും നടക്കുന്നു. അത്തരം രാഷ്ട്രീയത്തെ അപ്പാടെ എതിർക്കുന്ന രാഷ്ട്രീയമാണു കേരളത്തിലുള്ളത്. ഈ വ്യത്യാസം ഇല്ലെന്നു വരുത്തിത്തീർത്ത് രണ്ടും ഒന്നെന്നു വരുത്താൻ കേരളത്തിൽ ചിലർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. മാധ്യമപ്രവർത്തനമെന്ന പേരിൽ മാധ്യമ ധർമത്തിനു ചേരാത്ത ഭീഷണിയുയർത്തുന്നതും അസത്യം പ്രചരിപ്പിക്കുന്നതും ഇവരാണെന്നും, രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നതു ജനങ്ങൾക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യം അറിയിക്കാനുള്ള പത്രപ്രവർത്തകരുടെ സ്വാതന്ത്ര്യം പൂർണമാകുന്നത് സത്യം അറിയാനുള്ള വായനക്കാരന്റെ സ്വാതന്ത്ര്യംകൂടി ചേരുമ്പോഴാണ്. എന്നാൽ ഇതു മാധ്യമ പ്രവർത്തകരാൽത്തന്നെ ലംഘിക്കപ്പെടുന്നുണ്ടോ എന്നതിൽ പത്രപ്രവർത്തക സമൂഹത്തിന്റെ പരിശോധന ആവശ്യമായ ഘട്ടമാണിത്. അറിയിക്കാനുള്ള മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം പോലെതന്നെ പ്രധാനപ്പെട്ടതാണു സത്യം അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തിനുനേർക്കു മൂലധനതാത്പര്യത്താൽ പ്രേരിതമായതും പത്രപ്രവർത്തന മനസാക്ഷിക്കു വിരുദ്ധമായതുമായ ആക്രമണങ്ങൾ നടത്താൻ ചില മാധ്യമ പ്രവർത്തകരെങ്കിലും നിർബന്ധിതരാകുന്നുണ്ട്. ഇക്കാര്യത്തിൽ പത്ര ഉടമകളുടെ മൂലധന രാഷ്ട്രീയ താത്പര്യങ്ങൾ പ്രതിഫലിക്കുന്നതുകൊണ്ടാണിത്.  മാധ്യമ രംഗം കഴുത്തറുപ്പൻ മത്സരങ്ങളുടെ മേഖലയായി മാറിയിരിക്കുന്നു. ഇതര ചാനലുകൾക്കും പത്രങ്ങൾക്കും മുകളിൽ സ്ഥാനം നേടാനുള്ള വ്യഗ്രതയിൽ സത്യം പലപ്പോഴും ബലികഴിക്കപ്പെടുന്നു. സത്യമെന്താണെന്ന് അന്വേഷിക്കാൻ ഒരു നിമിഷംപോലുമെടുക്കാതെ ആധികാരിക തത്വങ്ങളെന്ന നിലയ്ക്ക് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. എത്ര കടുത്ത അസത്യം വിളിച്ചുപറഞ്ഞാലാണു കൂടുതൽ ആളുകളിലേക്ക് എത്തുകയെന്നതു മാത്രമായി മാധ്യമങ്ങളുടെ പരിഗണന മാറുന്നു. ഇത്തരമൊരു ജീർണത മാധ്യമരംഗത്തു പടരുന്നുണ്ട്. ഇതിനെ ചെറുക്കാനുള്ള സംസ്‌കാരം മാധ്യമലോകത്തുണ്ടാകണം. അതുണ്ടായാൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അധികാര ശക്തികളുടെ ഏതു നീക്കത്തേയും ചെറുക്കാൻ ജനങ്ങൾ ഒപ്പം നിൽക്കും. ജനങ്ങൾക്കു വീടു കിട്ടുന്നതിനു സർക്കാർ പദ്ധതിയാവിഷ്‌കരിക്കുമ്പോൾ ചിലർ അതിനെ തകർക്കാൻ നോക്കുകയാണ്. ജനങ്ങൾക്കു ദുരിതാശ്വാസത്തിന് ആവിഷ്‌കരിക്കുന്ന പദ്ധതികളെ തകർക്കാൻ നോക്കുകയാണ്. ഒരു പ്രത്യേക രാഷ്ട്രീയ താത്പര്യത്തിന്റെ നിർവഹണത്തിനുവേണ്ടിയാണിത്. സ്ഥാപിതതാത്പര്യക്കാരുടെ രാഷ്ട്രീയ താത്പര്യങ്ങൾ നിർവഹിച്ചുകൊടുക്കുന്ന ചട്ടുകങ്ങളായി മാധ്യമങ്ങൾ മാറുന്നത് ഉചിതമാണോയെന്നു മാധ്യമ മേഖലയിലുള്ളവർത്തന്നെ ചിന്തിക്കണം.
 സ്വദേശാഭിമാനിയുടേയും കേസരി ബാലകൃഷ്ണപിള്ളയുടേയും കാലത്തില്ലാത്ത സാങ്കേതിക സംവിധാനങ്ങൾ ഇന്നുണ്ട്. അതൊക്കെ നാടിനും ജനങ്ങൾക്കും ഉപകരിക്കുന്നവിധത്തിൽ പ്രയോജനപ്പെടുത്തണം. അധികാരവ്യവസ്ഥയെ വെല്ലുവിളിക്കുന്നവിധത്തിൽ പത്രപ്രവർത്തനം നടത്താൻ സ്വദേശാഭിമാനിക്കു വക്കം മൗലവി സ്വാതന്ത്യം നൽകി. അത്തരം സ്വാതന്ത്ര്യം പത്രപ്രവർത്തകർക്കു നൽകുന്ന എത്ര പത്ര ഉടമകൾ ഇക്കാലത്തുണ്ടെന്നതു പത്രപ്രവർത്തകർതന്നെ ആലോചിക്കണം. പത്രപ്രവർത്തകരുടെ താത്പര്യവും പത്ര ഉടമകളുടെ താത്പര്യവും തമ്മിൽ വൈരുദ്ധ്യമുണ്ടാകാതെ വരുമ്പോൾ മാത്രമേ മാതൃകാപരമായ പത്രപ്രവർത്തനം സാധ്യമാകൂ. എന്നാൽ ഭാഷാ പത്രങ്ങളെവരെ കോർപ്പറേറ്റ് വമ്പന്മാർ വിഴുങ്ങുന്ന പുതിയ കാലത്ത്, അത്തരത്തിൽ മാതൃകാപരമായ പത്രപ്രവർത്തനം എത്രത്തോളം സാധ്യമാണെന്ന ചോദ്യം മാധ്യമപ്രവർത്തകരിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള പത്രപ്രവർത്തനരംഗത്ത് ആദർശശുദ്ധി തെളിഞ്ഞുനിന്ന പത്രപ്രവർത്തനം നടത്തിയ പത്രപ്രവർത്തകനാണ് എസ്.ആർ. ശക്തിധരനെന്ന് 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം അദ്ദേഹത്തിനു സമർപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു. നിർഭയത്വം മാനദണ്ഡമാക്കിയ സ്വദേശാഭിമാനിയുടേയും ആധുനികത മാനദണ്ഡമാക്കിയ കേസരി ബാലകൃഷ്ണപിള്ളയുടേയും പിൻഗാമിതന്നെയാണ് താനെന്നു പ്രവൃത്തിപഥത്തിൽ തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും മുഖ്യമന്ത്രി ചടങ്ങിൽ സമർപ്പിച്ചു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023