കൈക്കൂലിയായി രൂപയും ഐഫോണും; ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്ന സബ് ഇൻസ്പെക്ടരെയും ഏജന്റിനെയും വിജിലൻസ് പിടികൂടി.





മലപ്പുറം : ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്ന സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിൽ അന്വേഷണത്തിലിരിക്കുന്ന വഞ്ചനാ കേസ്സിലെ  പ്രതിയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങവേ  പോലീസ് സബ് ഇൻസ്പെക്ടറായ സുഹൈലിനേയും ഏജന്റ്  മഞ്ചേരി സ്വദേശി മുഹമ്മദ് ബഷിറിനേയും ഇന്ന് (31.01.2023)-ൽ വിജിലൻസ് പിടികൂടി. 2017-ൽ മലപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ്സിലെ പ്രതിയായ പരാതിക്കാരന് 2019-ൽ  കേരള ഹൈക്കോടതി  വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നതും  എന്നാൽ കോവിഡ് കാരണം  പോലീസ് സ്റ്റേഷനൽ ഹാജരാകാൻ കഴിയാതിരുന്ന പരാതിക്കാരൻ  വ്യവസ്ഥകൾ ലഘൂകരിച്ച് നൽകാൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമാകുന്നു. ഈ അപേക്ഷ  ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവേ  മറ്റൊരു കേസ്സിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാംഗ്ളൂരിൽ പോയ സബ് ഇൻസ്പെക്ടർ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കുകയും കോടതി ഉടൻ ജാമ്യം അനുവദിക്കുകയും ചെയ്തു.
തുടർന്ന് പരാതിക്കാരനെതിരെ വേറെയും വാറണ്ടുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും കൈക്കൂലിയായി  I-Phone 14 വാങ്ങി സുഹൈൽ നൽകണമെന്നും  ആവശ്യപ്പെട്ടു.  അതനുസരിച്ച് ഇക്കൊല്ലം ജനുവരി 2-ന് പരാതിക്കാരൻ ഒരു കറുത്ത I-Phone 14 വാങ്ങി  സബ് ഇൻസ്പെക്ടർ സുഹൈൽ നിർദ്ദേശിച്ച പ്രകാരം ഏജന്റായ മുഹമ്മദ് ബഷിറിനെ ഏല്പിച്ചു.  എന്നാൽ കറുത്ത ഫോൺ വേണ്ടെന്നും നീല നിറത്തിലുള്ള I-Phone 14 256 GB തന്നെ വേണമെന്നും  കേസ് മയപ്പെടുത്തുന്നതിന് 3.5 ലക്ഷം രൂപ കൂടി കൈക്കൂലിയായി വേണമെന്നും സുഹൈൽ ആവശ്യപ്പെട്ടു. 3.5 ലക്ഷം  രൂപ ഉടനടി നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടെന്നും നീല നിറത്തിലുള്ള I-Phone 14 256 GB എത്രയും വേഗം വാങ്ങിക്കൊടുക്കാമെന്നും  പണം നൽകാൻ കുറച്ച് സാവകാശം വേണമെന്നും  പരാതിക്കാരൻ അറിയിച്ചു. തുടർന്ന് ആദ്യം വാങ്ങി നൽകിയ കറുത്ത ഫോൺ മുഹമ്മദ് ബഷീർ  മുഖേന സുഹൈൽ 2023 ജനുവരി 4-ന് തിരികെ പരാതിക്കാരന് നൽകുകയും  പണം  നൽകിയില്ലെങ്കിൽ പരാതിക്കാരൻ പ്രതിയായ കേസ്സിൽ ഇടപെട്ട് കൂടുതൽ പ്രയാസമുണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പരാതിക്കാരൻ വിജിലൻസ് ആസ്ഥാനത്തെത്തി വിജിലൻസ് ഡയറക്ടർ  മനോജ് എബ്രഹാം . ഐ.പി.എസ്-നെ  കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും  പരാതിക്കാരന് വേണ്ട ആത്മവിശ്വാസം നൽകിയിട്ടുള്ളതും വിജിലൻസ് ഡയറക്ടർ സബ് ഇൻസ്പെക്ടറെ ട്രാപിൽ പെടുത്തുന്നതിനുള്ള നടപടികൾക്കായി വിജിലൻസ് വടക്കൻ മേഖല പോലീസ് സൂപ്രണ്ട്  പ്രജീഷ് തോട്ടത്തിലിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുള്ളതാകുന്നു.
തുടർന്ന്  പ്രജീഷ് തോട്ടത്തിലിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ വിജിലൻസ് സംഘം നിരീക്ഷിച്ച് വരവേ  ഇക്കഴിഞ്ഞ 24-ന്  നീല നിറത്തിലുള്ള I-Phone 14 256 GB പരാതിക്കാരൻ വാങ്ങി സുഹൈൽ നിർദ്ദേശിച്ച പ്രകാരം ഇരിങ്ങാലക്കുടയിലുള്ള ഏജന്റ് ഹാഷിം വശം കൊടുത്തയച്ചു. തുടർന്ന് സുഹൈൽ നിരന്തരം പരാതിക്കാരനോട് കൈക്കൂലി പണം ആവശ്യപ്പെടുകയും പരാതിക്കാരന്റെ സാമ്പത്തികാവസ്ഥ മനസ്സിലാക്കി തുക തവണകളായി നൽകിയാൽ മതിയെന്ന്  അറിയിക്കുകയും ചെയ്തു.  അതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഗഡുവായ  50000 രൂപ സുഹൈലിന്റെ ആവശ്യ പ്രകാരം മുഹമ്മദ് ബഷിറിന്റെ പക്കൽ ഇന്ന് ഉച്ചയ്ക്ക് (31.01.2023) 2 മണിയോടെ  ഏല്പിക്കവേ  മുഹമ്മദ് ബഷീറിനേയും തുടർന്ന് സൂഹൈലിനേയും വിജിലൻസ് കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.  വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി മാരായ  ഷാജി വർഗ്ഗീസ്,  സുനിൽകുമാർ, പോലീസ് ഇൻസ്പെക്ടർമാരായ  ശിവപ്രസാദ്,  രാജേഷ്.എം.പി, പോലീസ് സബ് ഇൻസ്പെക്ടർമാരായ  ജയരാജൻ, സുനിൽ,  പ്രദീപൻ,  ഷാജി, പോലീസ് ഉദ്ദ്യോഗസ്ഥരായ  ഗിരീഷ്,  സിന്ധു,  അനിൽ, അബ്ദുൾ കലാം,  സോജി, ഷാജു, ഡ്രൈവർമാരായ ബിജു,  ശിവദാസൻ, ഷൈഹിൻ. നിതിൻലാൽ എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023