ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി ; ഓൺലൈൻ ലോട്ടറി കളിച്ച് പലരും ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിൽ വിശ്വാസ്യതയും സുതാര്യതയും ഉള്ള സർക്കാർ ലോട്ടറിയുടെ പ്രചാരം വർധിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് മന്ത്രി.
- Get link
- X
- Other Apps
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങൾക്ക് നൽകുന്ന ബീച്ച് അംബ്രല്ലയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
1000 പേർക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റ്/വിൽപ്പനക്കാർക്ക് 200 മുച്ചക്ര സ്‌കൂട്ടർ വിതരണത്തിന് തയ്യാറായതായി മന്ത്രി അറിയിച്ചു. ഇതിനുപുറമേ ലോട്ടറി തൊഴിലാളികൾക്ക് യൂണിഫോം വിതരണവും നടത്തും. ലോട്ടറി വകുപ്പിന്റെ ഓഫീസുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഭിന്നശേഷി സൗഹൃദമാക്കുക എന്നീ നടപടികളും സർക്കാർ പരിഗണനയിലാണ്. സർക്കാർ ലോട്ടറിയുടെ സുരക്ഷാ ഫീച്ചറുകൾ വർധിപ്പിച്ച് പ്രചാരം വർധിപ്പിക്കാനും ആലോചനയുണ്ട്.
ഓൺലൈൻ ലോട്ടറി കളിച്ച് പലരും ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിൽ വിശ്വാസ്യതയും സുതാര്യതയും ഉള്ള സർക്കാർ ലോട്ടറിയുടെ പ്രചാരം വർധിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ലക്ഷത്തോളം പേർ ജോലിചെയ്യുന്ന ലോട്ടറി മേഖലയിൽ കഴിഞ്ഞ ഓണം ബംമ്പറിന് 25 കോടിയാണ് ഒന്നാം സമ്മാനമായി നൽകിയത്. 500 രൂപയായിരുന്നു ടിക്കറ്റ് വില. ഇതോടെ സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന മേഖലയായി സംസ്ഥാനത്തെ ലോട്ടറി രംഗം മാറി. ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയുടെ ഭാഗമായി ഈ വർഷം 29 കോടിയിലധികം രൂപ വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എബ്രഹാം റെൻ എസ്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി സുബൈർ, അംഗങ്ങളായ വി.വി അശോകൻ, ഫസൽ സുലൈമാൻ, ദയാനന്ദൻ ടി.വി തുടങ്ങിയവർ പങ്കെടുത്തു.
- Get link
- X
- Other Apps
Comments