ജനമൈത്രി പോലീസിൻ്റെ ഇടപെടൽ ഒറ്റപ്പെട്ടുപോയ ദമ്പതികൾക്ക് ആശ്രയമായി എളയാവൂർ സി.എച്ച്.സെൻ്റർ .





കണ്ണൂർ: റിപ്പബ്ലിക് ദിനത്തിൽ ജനമൈത്രി പോലീസിന്റെ അഭ്യർത്ഥന മാനിച്ച് ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകയായി പ്രവർത്തിച്ചു വരുന്ന എളയാവൂർ സി.എച്ച്.സെൻ്റർ രണ്ടു പേർക്ക് പുതുജീവിതം ഒരുക്കി.
തമിഴ്നാട് തിരിപ്പൂർ സ്വദേശികളായ കാജ മൊയ്തീനും ഭാര്യ ഖദീജ ഭാനുവിനേയുമാണ് എളയാവൂർ സി.എച്ച്.സെൻ്റർ ഭാരവാഹികളും വളണ്ടിയർമാരും ചേർന്ന് കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ നിന്നും ഏറ്റെടുത്തത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വികാര നിർഭരമായ കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്.ഈ ദമ്പതിമാരുടെ സങ്കട കഥകൾ കേട്ടവർ പോലും കരഞ്ഞു പോയ നിമിഷങ്ങളായിരുന്നു.ഇവർക്ക് താങ്ങും തണലുമാവേണ്ട മക്കളുടെ പെട്ടന്നുള്ള അപകട മരണമാണ് ഇവരുടെ ജീവിതം ആകെ മാറ്റിമറിച്ചത്. രണ്ട് ആൺമക്കളുടെ അപകട മരണം ഇവർക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ ദുഃഖത്തിനിടയിലാണ് കാജാ മൊയ്തീന് അസുഖവും പിടിപ്പെട്ടത്. എല്ലാം സഹിച്ച് ഒരു വാടക വീട്ടിൽ മാസങ്ങൾ കഴിഞ്ഞു കൂട്ടി. നിത്യജീവിതത്തിന് വകയില്ലാത്ത ഇവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ആരോരും സഹായിക്കാനില്ലാത്ത സ്ഥിതി വന്നപ്പോൾ വണ്ടി കയറി ഒടുവിൽ കണ്ണൂരിൽ എത്തിപ്പെടുകയായിരുന്നു.കഴിഞ്ഞ രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാതെ കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞു കൂടി.ഇതിനിടയിൽ റിപ്പബ്ലിക്ക് ദിനത്തിൽ രാവിലെ കാജാ മൊയ്തീൻ തളർന്നു വീണു. എന്ത് ചെയ്യണമെന്ന വേവലാതിയാലെ ഭാര്യ ഖദീജ ഭാനുവിൻ്റെ നിലവിളി കേട്ടവർ ഓടിക്കൂടുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇവരെ കണ്ണൂൾ ഗവൺമെൻ്റ് ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു.ഇവരുടെ സങ്കട കഥകൾ കേട്ട കണ്ണൂർ ടൗൺ ജനമൈത്രി പോലീസ് ഉടൻ തന്നെ എളയാവൂർ സി.എച്ച്.സെൻ്ററുമായി ബന്ധപ്പെടുകയായിരുന്നു. ആശുപത്രിയിൽ നിന്നും ആവശ്യമായ പരിചരണത്തിന് ശേഷം ഈ ദമ്പതികളെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുവരികയും അവർക്ക് ഭക്ഷണങ്ങൾ വാങ്ങി കൊടുത്ത് മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃക ജനമൈത്രി പോലീസ് കാട്ടുകയും ചെയ്തു.പോലീസിൻ്റെ അഭ്യർത്ഥനയാൽ ഉച്ചയ്ക്ക് ശേഷം എളയാവൂർ സി.എച്ച്.സെൻ്റർ ഭാരവാഹികളായ ചെയർമാൻ സി.എച്ച്.മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി കെ.എം.ഷംസുദ്ദീൻ, വളണ്ടിയർമാരായ അക്രം പള്ളിപ്രം ,ജമീഷ, അഹമ്മദ് സാഹിർ എന്നിവർ ടൗൺ സ്റ്റേഷനിലെത്തുകയും.ഇവരുടെ കഥന കഥ കേട്ട സെൻ്റർ പ്രതിനിധികൾ ജനമൈത്രി പോലീസിൻ്റെ സഹായത്തോടെ ഈ ദമ്പതികളെ ഇരു കൈയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു.പോലീസ് സ്റ്റേഷനിൽ നിന്നും എളയാവൂർ സി.എച്ച്.സെൻ്ററിലേക്ക് എത്തിക്കുകയും അവിടെ സി.എച്ച്. ഹോസ്പിറ്റലിൽ  ആവശ്യമായ ചികിത്സയും ലഭ്യമാക്കുകയും തുടർന്ന് സാന്ത്വന കേന്ദ്രത്തിൽ താമസ സൗകര്യമൊരുക്കുകയും ചെയ്തു. തങ്ങളെ ചേർത്തു പിടിച്ച സി.എച്ച്.സെൻ്ററിൻ്റെ സേവനത്തിന് കൈകൂപ്പി കൊണ്ട് ഇവർ സന്തോഷ കണ്ണീർ പൊഴ്ക്കുന്നുണ്ടായിരുന്നു. ഇത്തരം ഒറ്റപ്പെട്ടു പോയവർക്ക് ആശ്വാസം പകരാൻ ജനമൈത്രി പോലീസിന് എപ്പോഴും എളയാവൂർ സി.എച്ച് സെന്ററിന്റെ സേവനം വിളിപ്പുറത്തു തന്നെ ഉണ്ടായിട്ടുണ്ട്.ഇത് മൂന്നാം തവണയാണ് കണ്ണൂർ ടൗൺ ജനമൈത്രി പോലീസുമായി സഹകരിച്ച് സി.എച്ച്.സെൻ്റർ നിരാലംബർക്ക് ആശ്രയമാകുന്നത്. 

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023