26 January 2023 - ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും: ധനമന്ത്രി; റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി.
കൊല്ലം : രാജ്യത്തെ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരാനാണ് ഓരോ റിപ്പബ്ലിക് ദിനവും ആവശ്യപ്പെടുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുള്ള യാത്ര തുടരാനാണ് ഓരോ റിപ്പബ്ലിക് ദിനവും ഓര്‍മ്മപ്പെടുത്തുന്നത്. വൈവിധ്യത്തിന്റെ ഒരു ഇന്ത്യയാണ് നിര്‍മ്മിക്കേണ്ടത്. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതാകണം ഓരോരുത്തരുടെയും ലക്ഷ്യം.
ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്തെയും സോഷ്യലിസത്തെയും ബഹുസ്വരതയേയും എന്നും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മലയാളികള്‍. വികസനവും ക്ഷേമവും മുഖമുദ്രയാക്കി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്. സമ്പൂര്‍ണ ഭരണഘടന സാക്ഷരത കൈവരിച്ച ജില്ലയായി കൊല്ലം പ്രഖ്യാപിക്കപ്പെട്ടു. സംസ്ഥാനത്ത് 60 ലക്ഷത്തിലധികം ആളുകള്‍ക്കാണ് പ്രതിമാസം 1600 രൂപ വീതം ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. കോവിഡ് കാലത്ത് മാസങ്ങളോളം എല്ലാവര്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് നല്‍കി. 45 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ സൗജന്യ ചികിത്സ നല്‍കുന്നു. പൊതു വിദ്യാലയങ്ങളില്‍ 10 ലക്ഷത്തിലധികം കുട്ടികള്‍ പുതിയതായി ചേര്‍ന്നു. ലൈഫ് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വീടുകള്‍ക്ക് കൈമാറി. ഇത്തരത്തില്‍ സര്‍വ്വതോന്മുഖമായ വികസനമാണ് കേരളത്തില്‍ സാധ്യമാക്കുന്നത്. അതോടൊപ്പം രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധവും തീര്‍ക്കുന്നു. ഉയര്‍ന്ന പൗരബോധവും രാഷ്ട്രീയ സാക്ഷരതയും ഉള്ള പ്രബുദ്ധ സമൂഹമായി കേരളം മുന്‍പേ നടക്കുന്നു.
രാജ്യത്തെ ബാധിക്കുന്ന ഓരോ സാമൂഹിക പ്രശ്‌നങ്ങള്‍ക്കും എതിരെയുള്ള പോരാട്ടങ്ങള്‍ കരുത്തോടെയും ഐക്ക്യത്തോടെയും തുടരണം. ഇന്ത്യ ഏത് ലക്ഷ്യത്തിലേക്ക് മുന്നേറണം എന്നത് സംബന്ധിച്ച് ഓരോരുത്തരുടെയും അഭിപ്രായം രേഖപ്പെടുത്തേണ്ട ഘട്ടമാണിത്. ഈ ലക്ഷ്യം കൈവരിക്കാനുള്ള ഉറച്ച ചുവടാവണം ഓരോ പ്രയാണമെന്നും മന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. സ്റ്റേഡിയത്തിലെത്തിയ മന്ത്രിയെ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ സ്വീകരിച്ചു. പോലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി, ടീം കേരള, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, ബാന്‍ഡ് ട്രൂപ്പുകള്‍ ഉള്‍പ്പെടെ 16 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാര്‍, ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് എന്നിവരായിരുന്നു കമാന്‍ഡര്‍മാര്‍. സര്‍ക്കാര്‍ ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം അവതരിപ്പിച്ചു. പ്ലറ്റൂണുകള്‍ക്കുള്ള മൊമെന്റോ വിതരണത്തിന് ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. കോവിഡ് പ്രോട്ടോക്കോളും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എം. നൗഷാദ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ്.പി എം.എല്‍ സുനില്‍, സബ് കളക്ടര്‍ മുകുന്ദ് ഠാകൂര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ജനപ്രതിനിധികള്‍, എ.ഡി.എം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, സ്വാതന്ത്ര്യസമര സേനാനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments