അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിന്തെറ്റിക് മയക്കുമരുന്ന് വില്പനക്കാരായ യുവാക്കളെ എക്സൈസ് പിടികൂടി.
അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിന്തെറ്റിക് മയക്കുമരുന്ന് വില്പനക്കാരായ യുവാക്കളെ എക്സൈസ് പിടികൂടി. കാർത്തികപള്ളി തൃക്കുന്നപ്പുഴ സ്വദേശികളായ അജ്മൽ ഷാജി (21), ഉനൈസ് (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് ഉദ്ദേശം നാല്പതിനായിരം രൂപയോളം വില വരുന്ന 9.147 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പുതുവർഷ ആഘോഷത്തിന് ലഹരിപ്പാർട്ടി സംഘടിപ്പിക്കുന്നതിനായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്നതാണ് മയക്കുമരുന്ന് എന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഇകെ അനിൽ, മധു എസ്, ഷാജി പിടി, സിവിൽ എക്സൈസ് ഓഫീസർമാരായ റെനീഷ്, ജയദേവ്, ഷെഫീക്ക്, ഐബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, സൈബർ സെൽ അംഗങ്ങളായ വർഗീസ് പയസ്സ്, അൻഷാദ് ബി എന്നിവരും ഉണ്ടായിരുന്നു. തോട്ടപ്പള്ളി, അമ്പലപ്പുഴ, തൃക്കുന്നപുഴ, ഹരിപ്പാട് ഭാഗങ്ങൾ കേന്ദ്രികരിച്ചു വലിയ രീതിയിൽ ഉള്ള മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അമ്പലപ്പുഴ താലൂക്കിലെ മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ 9400069498,0477 223 0182 നമ്പരുകളിൽ അറിയിക്കണമെന്ന് എക്സൈസ് അറിയിച്ചു.
Comments