കേരളത്തിലെത്തിയ അഞ്ച് ഇതരസംസ്ഥാനക്കാരായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു :
കൊച്ചി : എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് കണ്ടെത്തിയ അഞ്ച് പെണ്‍കുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെയാണ് തിരികെയെത്തിച്ചത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയ കുട്ടികളെ ശിശു ക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കാക്കനാട് ഗവണ്മെന്റ് ഗേള്‍സ് ഹോമില്‍ താത്ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഷെല്‍ട്ടര്‍ ഹോമുകളില്‍ താത്ക്കാലികമായി പാര്‍പ്പിച്ച കുട്ടികളെ ഏറ്റെടുക്കുവാന്‍ മാതാപിതാക്കള്‍ എത്താത്ത സാഹചര്യത്തിലാണ് എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, എറണാകുളം, റെയില്‍വേ ചൈല്‍ഡ്‌ലൈന്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ്, സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ ആന്റ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ് (സിഎംഐഡി) എന്നിവരുടെ സഹകരണത്തോടെ കുട്ടികളെ സ്വദേശമായ ജാര്‍ഖണ്ഡില്‍ എത്തിച്ചത്.
റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ അഞ്ജന മഹേശന്‍, അമല്‍ ജോണ്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് ഓഫീസര്‍മാരായ വി. സാവിത്രി, പി.കെ. രജിത, എന്‍.ആര്‍. പ്രസന്ന, കെ.കെ. സുനിത, ടി.ബി. പത്മകുമാര്‍, കെ.സി. സുനിത എന്നിവര്‍ പെണ്‍കുട്ടികളെ ഝാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി.
Comments