ലഹരിക്കെതിരെ സന്ദേശവുമായി എക്സൈസ് വകുപ്പ് : ലഹരി ഉപയോഗിക്കുന്നതിലൂടെ ഓരോ അവയവങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ വിശദമായി ചിത്രങ്ങളിലൂടെ നല്‍കിയിട്ടുണ്ട്.
ലഹരിക്കെതിരായ വിവിധ രൂപങ്ങളും ശബ്ദ സന്ദേശങ്ങളും ഒരുക്കി കാഴ്ചക്കാര്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുകയാണ് കയ്യൂര്‍ ഫെസ്റ്റില്‍ എക്സൈസ് വകുപ്പ്. കാസര്‍കോട് എക്സൈസ് വകുപ്പ് സജ്ജീകരിച്ച വിമുക്തി മിഷന്‍ സ്റ്റാളില്‍ ലഹരിക്കെതിരായ ബോധവത്ക്കരണ വിഷയങ്ങളാണ് കാഴ്ചക്കാരനെ കാത്തിരിക്കുന്നത്. പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലൂടെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ആദ്യം ഒരുക്കിയിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നതിലൂടെ ഓരോ അവയവങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ വിശദമായി ചിത്രങ്ങളിലൂടെ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ വിവിധ കൂട്ടായ്മകളെ കുറിച്ചുള്ള വാര്‍ത്തകളും ലഹരിയുടെ പിടിയില്‍ അരങ്ങേറിയ അപകടങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടുന്ന വാര്‍ത്തകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. വിമുക്തി മിഷന്റെ ലക്ഷ്യങ്ങളും ഡി-അഡിക്ഷന്‍ സെന്ററുകളുടെ വിശദ വിവരങ്ങളും കാണാം. ലഹരിയുടെ പിടിയിലമരുന്ന ജീവിതങ്ങളെ കുറിച്ചുള്ള വലിയ രൂപങ്ങളാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. വിമുക്തി മാനേജര്‍ ഇന്‍ ചാര്‍ജ് ടോണി എസ് ഐസക്, ഹൊസ്ദുര്‍ഗ് അസി.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍, വിമുക്തി കോര്‍ഡിനേറ്റര്‍ കെ.എം.സ്നേഹ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍ കുഞ്ഞി, ചാള്‍സ് ജോസ്, അബ്ദുല്‍ സലാം, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ഇന്ദിര, പി.കെ.ലിമ എന്നിവരാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്.
Comments