മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് : സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളെ മികവുറ്റതാക്കി മാറ്റാൻ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് മന്ത്രി.




മലയാളിയുടെ ചിരകാല സ്വപ്നമായ  ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിൽ കാസർകോഡ് മുതൽ തൃശൂർ വരെയുള്ള ഭാഗം 2024നുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം നിയോജകമണ്ഡലത്തിലെ ആദ്യ കിഫ്ബി പദ്ധതിയായ അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 


പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എല്ലാ റോഡുകളും നിലവാരമുള്ള റോഡുകളാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തുന്നത്. ഈ സർക്കാരിൻ്റെ കാലത്തുതന്നെ 15,000 കിലോമീറ്റർ റോഡുകൾ ബിഎം ആന്റ് ബിസി റോഡുകളാക്കി മാറ്റും. ഗ്രാമാന്തര റോഡുകൾ മുഴുവൻ ടാറിങ്ങ് നടത്തിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. തീരദേശ- മലയോര ഹൈവേകൾ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുന്നംകുളം താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബിയിൽ നിന്നും 96 കോടി രൂപയുടെ അംഗീകാരം ജനുവരി മാസത്തോടെ ലഭിക്കുമെന്ന് എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു.

കടങ്ങോട് പാറപ്പുറം ഗവ.എൽ പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡൻറ്മാരായ മീന സാജൻ, പി ഐ രാജേന്ദ്രൻ, എസ് ബസന്ത് ലാൽ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജലീൽ ആദൂർ ,പത്മം വേണുഗോപാൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ മണി, ശാരിക, വാർഡ് മെമ്പർ ബീന രമേശ്, കെആർഎഫ്ബി - പി എം യു അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ഐ സജിത്, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ,  തുടങ്ങിയവർ പങ്കെടുത്തു. കെആർഎഫ്ബി - പി എം യു എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.  ചടങ്ങിൽ പാറപ്പുറം ഒഴിച്ചിരിഞ്ഞാലി സുനിൽ - ശോഭ ദമ്പതികളുടെ മകൻ സചിൻ കൃഷ്ണ വരച്ച മന്ത്രിയുടെ ഛായാചിത്രം മന്ത്രിക്ക് കൈമാറി.

 14.25 കോടി രൂപയാണ് അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്. കുന്നംകുളം നിയോജക മണ്ഡലത്തിലെ മൂന്ന് പ്രധാന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിൽ 9.40 കിലോമീറ്റര്‍ നീളത്തിലും 8 മുതല്‍ 10 മീറ്റര്‍ വരെ വീതിയിലുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ഹൈടെക്ക് റോഡിനൊപ്പം 29 കലുങ്കുകളും മൂന്ന് കിലോമീറ്ററില്‍ കാനകളും മികച്ച രീതിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മഴവെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കാന്‍ വേണ്ട നടപടികളും  സ്വീകരിച്ചിട്ടുണ്ട്.

ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പ്രത്യേക പാക്കേജ്: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളെ മികവുറ്റതാക്കി മാറ്റാൻ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പിഡബ്ല്യുഡിക്ക് പുറമെ തദ്ദേശസ്വയംഭരണം, തീരദേശം, വനം തുടങ്ങി വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള  20  റോഡുകൾക്കായി പാക്കേജ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പൂച്ചെട്ടി –ഇരവിമംഗലം - മരത്താക്കര –പുഴംമ്പ‍ള്ളം റോഡ് നിർമ്മാണ ഉദ്ഘാടനം  നിർവ്വഹിക്കുകയായിരുന്നു മന്ത്രി 

പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന 30,000 കിലോമീറ്റർ റോഡിൽ  50 ശതമാനം റോഡുകളും 2026നുള്ളിൽ ബിഎം -ബിസി നിലവാരത്തിലേയ്ക്ക് മാറും. ഒല്ലൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 162 കിലോമീറ്റർ   റോഡുകളും അഞ്ച് വർഷത്തിനുള്ളിൽ ബിഎം -ബിസി റോഡായി മാറ്റുമെന്നും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎം - ബിസി നിലവാരത്തിലേയ്ക്ക് ഉയരുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി നടത്തറ മാറുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. നബാര്‍ഡ് 2021 - 22 
പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി  പൊതുമരാമത്ത് വകുപ്പ് 9 കോടി രൂപ ഉപയോഗിച്ചാണ് പൂച്ചെട്ടി –ഇരവിമംഗലം - മരത്താക്കര –പുഴംമ്പ‍ള്ളം റോഡ് നിർമ്മിക്കുന്നത്. 6.6 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ ബിഎം -ബിസി   നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് പുത്തൂർ - നടത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കും. 

പൂച്ചെട്ടി സെന്ററിൽ നടന്ന ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റുമാരായ അഡ്വ.പി ആർ രജിത്ത്, അശ്വതി സുനിഷ്, ജില്ലാ പഞ്ചായത്ത് അംഗം കെവി സജു, ജോസഫ് ടാജറ്റ്,  നടത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പികെ അഭിലാഷ്,
പൊതുമരാമത്ത് വകുപ്പ്  സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ടി എസ് സുജറാണി, തൃശൂർ പൊതുമരാമത്ത്  വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എസ് ഹരീഷ്, അസി.എക്സ്.എൻജിനീയർ എ കെ നവീൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023