ജനുവരി മൂന്നിന് തിരുവനന്തപുരം നഗര പരിധിയില്‍ പ്രാദേശിക അവധി; ബീമാപ്പള്ളി ഉറൂസിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ബീമാപ്പള്ളിയിലെ ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാണ് ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവം.
തീര്‍ഥാടകര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു മന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും. ബീമാപ്പള്ളിയിലേക്കുള്ള പ്രധാന റോഡിലെയും അനുബന്ധ റോഡുകളിലെയും അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. വഴിവിളക്കുകള്‍ തെളിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബിക്കും കോര്‍പ്പറേഷനും നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കി ആവശ്യമായ അറ്റകുറ്റപ്പണി നടത്തണം. പ്രധാന റോഡുകളിലും ജങ്ഷനുകളിലും ബീമാപ്പള്ളിയിലേക്കുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി.
തീര്‍ഥാടകര്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷാ കേന്ദ്രം തുറക്കും. പ്രത്യേക ആംബുലന്‍സ് സൗകര്യവുമുണ്ടാകും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പൂവാര്‍, കിഴക്കേക്കോട്ട, തമ്പാന്നൂര്‍ ഡിപ്പോകളില്‍നിന്നു കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും. തീര്‍ഥാടകരുടെ പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യമൊരുക്കും.
ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് വിന്യാസം നടത്തും. കണ്‍ട്രോള്‍ റൂമും തുറക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകള്‍ നടത്തും. ഉത്സവകാലയളവില്‍ മാലിന്യ നീക്കം ഉറപ്പാക്കാന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പ്രത്യേക ഡ്രൈവ് നടത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും ഉറൂസ് മഹോത്സവം നടത്തുക.
കോവിഡ് ആശങ്കയൊഴിഞ്ഞ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഉറൂസ് മഹോത്സവത്തിനു കൂടുതല്‍ തീര്‍ഥാടകര്‍ എത്താനുള്ള സാധ്യത മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സമയബന്ധിതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ ജെ. സുധീര്‍, മിലാനി പെരേര, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ്, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ബീമാപ്പള്ളി ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്ലാം, ജനറല്‍ സെക്രട്ടറി എം.കെ.എം. നിയാസ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments