ശബരിമല അടിയന്തര സഹായത്തിന് റാപ്പിഡ്ആക്ഷൻ മെഡിക്കൽ യൂണിറ്റും: മന്ത്രി; ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡർ ആംബുലൻസ് ആണ് ഇതിൽ പ്രധാനം

 

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഉടൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്. ശബരിമല തീർത്ഥാടകർക്ക് ഈ സേവനങ്ങൾ ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.


ബൈക്ക് ഫീഡർ ആംബുലൻസ്


ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡർ ആംബുലൻസ് ആണ് ഇതിൽ പ്രധാനം. മറ്റ് ആംബുലൻസുകൾക്ക് കടന്നു ചെല്ലാൻ പ്രയാസമുള്ള ഇടുങ്ങിയ വഴികളിലും തിരക്കുള്ള പ്രദേശങ്ങളിലും എത്തി രോഗികൾക്ക് പരിചരണം നൽകി സമീപത്തുള്ള ആശുപത്രിയിൽ അല്ലെങ്കിൽ റാപിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്ന കനിവ് 108 ആംബുലൻസുകളിലേക്കോ എത്തിക്കുകയാണ് ഇവയുടെ പ്രധാന പ്രവർത്തനം. നഴ്‌സായ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരിക്കും ഈ വാഹനം പ്രവർത്തിപ്പിക്കുന്നത്. ഓക്സിജൻ സംവിധാനം ഉൾപ്പടെ ഇതിനായി ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.


4x4 റെസ്‌ക്യു വാൻ


സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള ദുർഘട പാതയിൽ സേവനം ഒരുക്കാനാണ് 4x4 പ്രത്യേക വാഹനം സജ്ജമാക്കിയിരിക്കുന്നത്. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന ഈ വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം ഈ വാഹാനത്തിൽ ഉണ്ടാക്കും.


ഐസിയു ആംബുലൻസ്


പമ്പയിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം ലഭ്യമാണ്.


ശബരിമല തീർത്ഥാടകരുടെ ചികിത്സയ്ക്ക് സുസജ്ജമായ ആശുപത്രികൾ, എമർജൻസി മെഡിക്കൽ സെന്ററുകൾ, എഎൽഎസ്, ബിഎൽഎസ് ആംബുലൻസുകൾക്ക് പുറമേയാണ് ഈ സംവിധാനം. തീർത്ഥാടന വേളയിൽ ശ്വാസം മുട്ട്, നെഞ്ചുവേദന ഉൾപ്പടെ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ മൊബിലൈൽ നിന്ന് 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ അടുത്തുള്ള പൊലീസ്, ആരോഗ്യവകുപ്പ് പോയിന്റുകളിൽ ആവശ്യപ്പെടുകയോ ചെയ്താൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും. കനിവ് 108 ആംബുലൻസ് സേവനദാതാക്കളായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആണ് ശബരിമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വാഹനങ്ങളുടെ സൗജന്യ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023